പത്തനംതിട്ട: പാടം എസ്കെവി ലോവർ പ്രൈമറി സ്കൂളിന് മുന്നിൽ കുട്ടികൾക്കും നാട്ടുകാർക്കും ഭീഷണിയായി നിൽക്കുന്ന മരം അടിയന്തരമായി മുറിക്കണമെന്ന നാട്ടുകാരുടെ ആവശ്യം റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സാന്നിധ്യത്തിൽ ആർഡിഒ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അടൂർ ആർഡിഒ സ്ഥലപരിശോധന നടത്തണം. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും എസ്കെവി എൽപി സ്കൂൾ ഹെഡ് മാസ്റ്ററുടെയും സാന്നിധ്യം പരിശോധനാവേളയിൽ ഉറപ്പാക്കണം. മരം അപകടത്തിലാണോ എന്ന വിദഗ്ധാഭിപ്രായം വനം റേഞ്ച് ഓഫീസർ നൽകണം. ആർഎഫ്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർഡിഒ നിയമാനുസരണം നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം ആർഡിഒ കമ്മീഷനിൽ അറിയിക്കണം.
അടൂർ ആർഡിഒ, കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പ്രതിനിധികൾ ജൂൺ 23 ന് കമ്മീഷൻ തിരുവല്ല പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.